കാവ്യകേളി
നീലന്റെ കവിത
ചുമരുകൾ
അധികം മിണ്ടാറില്ല
തൊടാറില്ലാ-
രുമിപ്പോൾ
പരസ്പരം.

കൈ വഴുതി
വീഴാറില്ലൊരു
ചില്ലുപാത്രം പോലും.

മൌനത്തിൻ
മുഴക്കത്തിൽ
വീഴുന്നു വിള്ളൽ
ചുമരു തോറും...

പുഴുവിനും പഴുതാരക്കും
പാമ്പിനും പോന്ന
ഒളിവിള്ളലുകൾ.

ഉണ്ട് ചുമരുകൾ-
ക്കോർമ്മയും
ആത്മാവുമെന്നറിയു-
ന്നതപ്പോൾ മാത്രം.

അശ്ലീലനഗ്നമാം
വിള്ളൽ മറച്ചു
തൂക്കാം,
നമ്മുടെയീ ചുമരിൽ
നാളെയോർമ്മിപ്പി-
ച്ചൊരക്കലണ്ടർ.

ഇന്നലേക്ക-
ടയാളമായൊരു
രവിവർമ്മ ചിത്രം.
ഇന്നിന്റെ രേഖയായ്
നിന്റെ
വലിയൊരാ
ചുവന്ന പൊട്ടും.